Latestകേരളം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 17കാരന് രോഗമുക്തി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 17 വയസ്സുകാരന്‍ രോഗവിമുക്തനായി.അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു.

കൃത്യമായ ചികിത്സയിലൂടെയാണ് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ലോകത്ത് തന്നെ ഇത്തരം തിരിച്ചുവരവ് അപൂര്‍വ്വമാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 22 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്.

ചികിത്സക്കിടെ രണ്ട് ന്യൂരോ ശസ്ത്രക്രിയകള്‍ അടക്കം നടത്തി. രണ്ട് വര്‍ഷത്തിനിടെ 86 അമീബിക് മസ്തിഷ്ക ജ്വര കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 21 മരണമാണ് സംഭവിച്ചത്. ഇതിനര്‍ത്ഥം കേരളത്തില്‍ കേസുകള്‍ ഉയരുന്നതല്ലെന്നും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണെന്നും അമീബിക് മസ്തിഷ്ക ജ്വരത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ശ്രമമെന്നും വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 11 പേര്‍ തിരുവനന്തപുരത്തും 11 പേര്‍ കോഴിക്കോടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ ചികിത്സയിലുണ്ട്. എല്ലാവിധ പരിശോധനാ സൗകര്യങ്ങളും കേരളത്തിലുണ്ട്.