Latestകേരളം

അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി: കൊച്ചി എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. പ്രതിയുടെ പശ്ചാത്തലം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ജെ കെ ജയശങ്കര്‍ പറഞ്ഞു.

മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകന്‍ കാശിനാഥ് (20) ആണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.

മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.