ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് സ്പെഷല്‍ ട്രെയിൻ, സമയം അറിയാം
ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും പ്രത്യേക ട്രെയിനുകള്‍ സർവിസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്.ഡബ്ല്യു.ആർ) അറിയിച്ചു.നവംബർ ആറ്, ഏഴ് തീയതികളിലാണ് ഈ സർവിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ബംഗളൂരു – തൂത്തുക്കുടി സർവിസ്:06533 നമ്പർ ട്രെയിൻ നവംബർ ആറിന് രാത്രി 9.45ന് ബംഗളൂരു കന്റോണ്‍മെന്റില്‍നിന്ന് പുറപ്പെട്ട് നവംബർ ഏഴിന് ഉച്ചക്ക് 12.30ന് തൂത്തുക്കുടിയിലെത്തും. മടക്കയാത്രയില്‍ 06534 നമ്പർ ട്രെയിൻ നവംബർ ഏഴിന് വൈകീട്ട് 3.30ന് തൂത്തുക്കുടിയില്‍നിന്ന് പുറപ്പെട്ട് നവംബർ എട്ടിന് പുലർച്ചെ 5.30ന് ബംഗളൂരു കന്റോണ്‍മെന്റിലും എത്തും.ബംഗളൂരു – കണ്ണൂർ സർവിസ്:ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക ട്രെയിൻ (06545) നവംബർ ഏഴിന് പുലർച്ചെ 12.05ന് എസ്.എം.വി.ടി ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചക്ക് രണ്ടിന് കണ്ണൂരിലെത്തും. മടക്കയാത്രയില്‍ 06546 നമ്പർ ട്രെയിൻ നവംബർ ഏഴിന് വൈകീട്ട് 6.25ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് നവംബർ എട്ടിന് രാവിലെ 9.45ന് എസ്.എം.വി.ടി ബംഗളൂരുവിലെത്തും.നേരത്തേ, തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയില്‍ ദക്ഷിണ റെയില്‍വേ ദീപാവലി സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. 06073/06074 തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷല്‍ ആണ് സർവിസ് നടത്തുക.
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനില്‍ നിന്ന് 2026 നവംബർ 2, 9, 16 തീയതികളില്‍ (തിങ്കളാഴ്ചകളില്‍) ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11.50 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ എത്തിച്ചേരും. മടക്കയാത്ര നവംബർ 5, 12, 19 തീയതികളില്‍ (വ്യാഴാഴ്ചകളില്‍) രാവിലെ 5.45 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകീട്ട് 4.30 ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനില്‍ എത്തിച്ചേരും. കേരളത്തില്‍ വർക്കല ശിവഗിരി, കൊല്ലം ജങ്ഷൻ, കായംകുളം ജങ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലാണ് കൊച്ചുവേളി – നിസാമുദ്ദീൻ ട്രെയിനിന് സ്റ്റോപ്പുകള്‍.
