Latestകേരളം

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. തിരിച്ചറിഞ്ഞ 8 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. സമരത്തിന് നേതൃത്വം നല്‍കിയ വളര്‍മതിയാണ് ഒന്നാം പ്രതി. സെക്രട്ടറിയേറ്റ് ഗേറ്റിന്റെ മുന്‍ഭാഗത്ത് മുദ്രാവാക്യങ്ങള്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്.

വെള്ളിയാഴ്ച്ച രാവിലെ 11 മണിക്കും വൈകിട്ട് അഞ്ച് മണിക്കും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയെന്നാണ് കേസ്. എന്നാല്‍ ഇന്നലെ പ്രതിഷേധങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സമരസമിതി നേതാവ് വളര്‍മതി പ്രതികരിച്ചു. 35 പേരാണ് വെള്ളിയാഴ്ച്ച സമര പന്തലില്‍ ഉണ്ടായിരുന്നതെന്നും ദൂര സ്ഥലങ്ങളില്‍ നിന്ന് വന്ന് തിരിച്ചുപോവാനാവാത്ത കുറച്ച് പേര്‍ ഇവിടെ ബാക്കിയുണ്ടായിരുന്നുവെന്നും അവരെയാണ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തതെന്നും അവർ വ്യക്തമാക്കി അസാധാരണ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും സമരം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വളര്‍മതി ആരോപിച്ചു.