ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ഓച്ചിറയില്‍ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം.ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർദിശയില്‍ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു.
എസ്യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് പ്രിൻസ് വില്ലയില്‍ പ്രിൻസ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്.
കെഎസ്ആർടി ബസ്സിലുണ്ടായിരുന്ന 20 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസിന്റെ മുൻഭാഗവും തകർന്നു. ജീപ്പിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. ജീപ്പ് വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
ജീപ്പോടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
