കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിരിക്കുന്നത്.2.5 എം.എം മുതല്‍ 15 എം.എം വരെ മഴ ലഭിച്ചേക്കാം. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
തെക്കൻ ജില്ലകളില്‍ മഴ സാധ്യതയുണ്ടെങ്കിലും വടക്കൻ കേരളത്തില്‍ ചൂട് ശക്തമായി തുടരും. പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ സൂര്യഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി. മെയ് 20 വരെയാണ് ഈ ക്രമീകരണം നിലവിലുണ്ടാകുക. പകല്‍ 12 മണി മുതല്‍ വൈകിട്ട് 3 മണി വരെ തൊഴിലാളികള്‍ക്ക് നിർബന്ധിത വിശ്രമം അനുവദിക്കണം. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയപരിധിക്കുള്ളില്‍ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12-ന് ആദ്യ ഷിഫ്റ്റ് അവസാനിക്കുന്ന രീതിയിലും രണ്ടാമത്തെ ഷിഫ്റ്റ് 3 മണിക്ക് ആരംഭിക്കുന്ന രീതിയിലുമാണ് ക്രമീകരണം
