ശക്തി കൂടിയ ന്യൂനമര്‍ദം; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയതിനാല്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മേയ് 16-ഓടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവർഷം എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം (Low Pressure Area) നിലവില്‍ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായി (Well-Marked Low Pressure Area) മാറിയിരിക്കുന്നു.2026 മേയ് 13 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
