കാസർഗോഡ് നീറ്റ് പരീക്ഷയ്ക്ക് പരിശീലനത്തിന് എത്തിയ വിദ്യാർഥിനി മാനസിക സംഘർഷത്തെ തുടർന്ന് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു
കാസർഗോഡ്.നീറ്റ് പരീക്ഷയ്ക്ക് പരിശീലനത്തിന് എത്തിയ വിദ്യാർഥിനി മാനസിക സംഘർഷത്തെ തുടർന്ന് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു.കാസർഗോഡ് കാദംബരിയില്‍ ഐജ ആർ മഹേഷ് (19) ആണ് മരിച്ചത്.
ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലില്‍ ചൊവ്വ ഉച്ചയോടെയാണ് പെണ്‍കുട്ടിയെ തുങ്ങിയ നിലയില്‍ കണ്ടത്. താമസിക്കുന്ന മുറിയിലെ ഫാനില്‍ വിദ്യാർഥിനിയെ തൂങ്ങിയ നിലയില്‍ കണ്ട സഹപാഠികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഹോസ്റ്റല്‍ അധികൃതർ കെട്ടഴിച്ച് താഴെയിറക്കിയ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഉടൻ തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ ബുധൻ ഉച്ചയോടെ മരിച്ചു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷാ ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷയ്ക്ക് ജൂണ്‍ 21 വീണ്ടും നടക്കുകയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടർപരിശീലനത്തിനായി മെയ് 26നാണ് വിദ്യാർഥിനി എത്തിയത്. കഠിനമായ പരിശീലനത്തില്‍ മാനസിക സംഘർഷത്തിലായ കുട്ടി രക്ഷിതാക്കളെ വിളിച്ച് പഠനം തുടരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരുന്നതായി പറയുന്നു.
തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കാൻ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയത്. സംഭവം അറിഞ്ഞ് വിദ്യാർഥിനിയുടെ രക്ഷിതാക്കള്‍ ചേർപ്പുങ്കലിലെ ആശുപത്രിയില്‍ എത്തി. കിടങ്ങൂർ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
