കോഴിക്കോട് വീണ്ടും മലേറിയ
കോഴിക്കോട്: ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിതീകരിച്ചത്. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14 ലാണ് യുപി സ്വദേശിക്ക് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ നാട്ടില്‍ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നേരത്തെ അതിഥി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു.
എന്താണ് മലേറിയ?
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പ് പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.
മനുഷ്യനിലേക്ക് രോഗം പകരുന്നത് അനോഫിലിസ് ഇനത്തില്‍പെട്ട പെണ്‍കൊതുകിലൂടെയാണ്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങള്‍ കരളിന്റെ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിന്റെ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും.
