നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കാന്‍ 18കാരനായ പീഡനക്കേസ് പ്രതിക്ക് താത്കാലിക ജാമ്യം
മുംബൈ: നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കാന്‍ 18കാരനായ പീഡനക്കേസ് പ്രതിക്ക് താത്കാലിക ജാമ്യം അനുവദിച്ച് മുംബൈയിലെ പ്രത്യേക പോക്സോ കോടതി. പീഡനക്കേസ് പ്രതിയായ ഇയാള്‍ക്ക് നാലു ദിവസത്തേക്കാണ് കോടതി ജാമ്യം നല്‍കിയത്. ജൂണ്‍ 21ന് നാണ് നീറ്റ് പുനഃപരീക്ഷ. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ജൂണ്‍ 18 മുതല്‍ 21വരെയാണ് ജാമ്യം നല്‍കിയത്. അതിജീവിത ഇയാളുടെ ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് അറിയിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയോ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
50,000 രൂപയുടെ ബോണ്ടും തുല്യമായ തുകയുടെ ആള്‍ജാമ്യവും പ്രതി കെട്ടിവെയ്ക്കണം. കൂടാതെ ജൂണ്‍ 22ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ജയില്‍ അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. അഭിഭാഷകനായ കപില്‍ വിശ്വാസ് സോഡ്ജാണ് പ്രതിക്കായി ഹാജരായത്. പ്രതിക്ക് തന്റെ തെറ്റു തിരുത്താന്‍ ഒരു അവസരമെന്ന നിലയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. കുറ്റവാളികളെയും തടവിലാക്കപ്പെട്ട വ്യക്തികളെയും പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യവും ക്രിമിനല്‍ നീതി വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
