Latestകേരളം

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നീണ്ട പതിനാല് വര്‍ഷത്തിന് ശേഷമാണ് പാസ്പോർട്ട് അപേക്ഷാഫീസില്‍ വലിയ മാറ്റം വരുത്തുന്നത്. അബുദബിയിലെ ഇന്ത്യന്‍ എംബസി, ദുബായിലെ കോണ്‍സുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ ഒരുപോലെ പ്രാബല്യത്തില്‍ വരും. ലോകത്തെ വിവിധ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്‌പോര്‍ട്ട് നിരക്കുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.

പുതുക്കിയ നിരക്ക് ഇന്നുമുതല്‍ (ജൂലൈ 1 ) പ്രാബല്യത്തില്‍ വരുന്നതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു.മുതിര്‍ന്നവര്‍ക്ക് സാധാരണ 36 പേജുകളുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും മുന്‍പ് 285 ദിര്‍ഹമായിരുന്നു എന്നാല്‍ ഇനി മുതല്‍ 450 ദിര്‍ഹം കൊടുക്കണം. അത് തത്കാല്‍ വഴി എടുക്കുന്നതിന് 900 ദിര്‍ഹവുമാണ് വരുന്നത്.

ഏകദേശം 60 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വന്നിട്ടുള്ളത്. കൂടാതെ 60 പേജുകളുള്ള പാസ്‌പോര്‍ട്ടിന് 630 ദിര്‍ഹവും, തത്കാല്‍ വഴി എടുക്കുന്നതിന് 1080 ദിര്‍ഹവുമാണ് പുതിയ നിരക്ക്. പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ 36 പേജുള്ള പാസ്‌പോര്‍ട്ടിന് 900 ദിര്‍ഹവും 60 പേജുള്ള പാസ്‌പോര്‍ട്ടിന് 1080 ദിര്‍ഹവും പുതുതായി എടുക്കാന്‍ നല്‍കണം. ഇത് തത്കാല്‍ വഴി എടുക്കുകയാണെങ്കില്‍ 36 പേജുള്ള പാസ്‌പോര്‍ട്ടിന് 1350 ദിര്‍ഹവും 60 പേജുള്ള പാസ്‌പോര്‍ട്ടിന് 1530 ദിര്‍ഹവുമായിരിക്കും18 വയസിന് താഴെയുള്ളവരുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 36 പേജുകളുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് 190 ദിര്‍ഹമായിരുന്നു. എന്നാല്‍ പുതിയ നിരക്ക് 325 ദിര്‍ഹമാണ്. ഇത് തത്കാല്‍ വഴി എടുക്കുന്നതിന് 775 ദിര്‍ഹവുമാണ് വരുന്നത്. ഇതുപോലെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ സാധാരണ 775 ദിര്‍ഹമായിരുന്നിടത്ത് 1225 ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട് അപേക്ഷാഫീസ്.

അതേസമയം എട്ട് വയസോ അതിന് താഴെയോ പ്രായമുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നതിന് 295 ദിര്‍ഹവും തത്കാലായി പാസ്‌പോര്‍ട്ട് എടുക്കുന്നതിന് 700 ദിര്‍ഹവുമാണ് വരിക. എന്നാല്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 10 വര്‍ഷവും കുട്ടികളുടെ പാസ്‌പോര്‍ട്ടിന് 5 വര്‍ഷവുമാണ് കാലാവധി.

മറ്റ് അനുബന്ധ സേവനങ്ങളായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് റദ്ദാക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 95 ദിര്‍ഹത്തില്‍ നിന്നും 145 ദിര്‍ഹമായാണ് ഇത് ഉയര്‍ന്നിട്ടുള്ളത്. അടിയന്തര യാത്രാ രേഖകള്‍ക്ക് 60 ദിര്‍ഹവും തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 180 ദിര്‍ഹവുമാണ് ചാർജ്. ഈ രണ്ട് സേവനങ്ങള്‍ക്കും തത്കാല്‍ സേവനങ്ങള്‍ ലഭ്യമല്ല. ഈ നിരക്കുകള്‍ക്ക് പുറമെ സര്‍വ്വീസ് ചാര്‍ജുകളും പ്രവാസി ക്ഷേമ നിധിയും വെവ്വേറെ നല്‍കേണ്ടി വരും. യുഎഇയിലെ കോണ്‍സുലര്‍ സേവനങ്ങളുടെ ചുമതല പുതിയ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഏറ്റെടുക്കുന്നതിനോടൊപ്പം ഈ നിരക്കുകളിലെ വര്‍ദ്ധനവും പ്രാബല്യത്തില്‍ വരും