സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വർണം തട്ടിയ കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു
വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയും കഴിഞ്ഞദിവസം മരിച്ച വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവും(28) സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
കേസിൽ അറസ്റ്റിലായ പ്രതി പനങ്ങോട് സ്വദേശി സിന്ധുകുമാരി (53)യുടെ പങ്ക് കത്തെഴുതിവച്ച ശേഷമാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ജു ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. പ്രതി സിന്ധുകുമാരിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
വിഴിഞ്ഞം പൊലീസ് മലയിൻകീഴ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് ഞായറാഴ്ച അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.സിന്ധുകുമാരിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയിൽകീഴ് സ്റ്റേഷനിൽ വഞ്ചനാകുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ഇവർക്കെതിരെ പരാതിപ്രളയമാണ്.
