ടിവി ചാനല്‍ റേറ്റിങ് പ്രസിദ്ധീകരണം പൂര്‍ണമായി നിര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന് (ബാര്‍ക്) കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്കി.
നേരത്തെ വാര്‍ത്താ ചാനലുകള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ ജനറല്‍ എന്റര്ടെയ്ന്മെന്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താ ഇതര ചാനലുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ് സംവിധാനം സ്തംഭിക്കുന്ന സാഹചര്യമാണുണ്ടായത്. പുതിയ ‘ടെലിവിഷന്‍ റേറ്റിങ് പോളിസി 2026’ പ്രകാരമുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെയാണ് റേറ്റിങ് പ്രസിദ്ധീകരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് വരെ വ്യാപിക്കുന്ന മാധ്യമരംഗത്തെ ഈ തീരുമാനം പലതലങ്ങളില്‍ ബാധിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ചാനലുകളുടെ പരസ്യ വരുമാനത്തെയും ജനപ്രീതിയെയും നിര്‍ണയിക്കുന്ന പ്രതിവാര റേറ്റിങ് വിവരങ്ങള്‍ പുറത്തുവിടുന്ന രാജ്യത്തെ ഏക ഏജന്‍സിയാണ് ബാര്‍ക്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ടെലിവിഷന്‍ റേറ്റിങ് നയത്തിലെ വകുപ്പ് 14.2 പ്രകാരമാണ് ഇപ്പോഴത്തെ നടപടി.
