Latestകേരളം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വർധിക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റം വരുത്തി.ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ 4 ജില്ലകളില്‍ മാത്രമായിരുന്നു ജാഗ്രതാ നിർദേശം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് കാലാവസ്ഥാ വകുപ്പ് നിർവചിക്കുന്നത്. മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതല്‍ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ, വടക്കൻ തമിഴ്നാട്, തെക്കൻ ഉള്‍നാടൻ കർണാടക, വടക്കൻ കേരളം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ന്യൂനമർദപാത്തിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.