‘കുടുംബത്തിന് നാണക്കേടുണ്ടാക്കിയ’ 24കാരിയെ പിതാവ് കൊലപ്പെടുത്തി
ലക്ക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച 24-കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ വിമൽ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അങ്കിത (24) ആണ് കൊല്ലപ്പെട്ടത്.
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിലെ ഉദ്യോഗസ്ഥനായ അമിത് പച്ചൗരിയുമായി നാല് മാസം മുൻപാണ് അങ്കിത വിവാഹിതയായത്. കുടുംബത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു ഈ വിവാഹം. വിവാഹശേഷം ഭർത്താവ് അമിത് ജോലിസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അങ്കിത സ്വന്തം വീട്ടിൽ തന്നെയാണ് താമസം തുടർന്നിരുന്നത്. വിവാഹത്തെച്ചൊല്ലി വീട്ടിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തിങ്കളാഴ്ച രാത്രി തർക്കം രൂക്ഷമായതിനെ തുടർന്ന് വിമൽ ശർമ്മ മകളെ മർദ്ദിക്കുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
