Latestകേരളം

ടോമിന്‍ ജെ തച്ചങ്കരി ജയിലില്‍ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ജയിലില്‍ തുടരും. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തച്ചങ്കരി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തച്ചങ്കരിയുടെ ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഇതൊരു സ്‌പെഷല്‍ കേസാണെന്നും, ഹര്‍ജിക്കെതിരെ രേഖാമൂലം എതിര്‍പ്പ് അറിയിക്കാനുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.പൊലീസിന്റെ ഉന്നത പദവിയിലിരുന്ന ഉദ്യോഗസ്ഥനാണ്, സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയത്. മൂന്നു വര്‍ഷത്തെ വരുമാനം നോക്കിയപ്പോള്‍ 52 ശതമാനത്തിലധികം വരവില്‍ കവിഞ്ഞ സ്വത്താണ് തച്ചങ്കരി നേടിയത്. അത് ആ ഉദ്യോഗസ്ഥന്റെ സ്വാഭാവമാണ് വ്യക്തമാക്കുന്നത്. ഇത് സമൂഹത്തിന് എതിരായ കുറ്റകൃത്യമാണെന്നും, ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഈ കേസും ഇതില്‍ ആരോപണ വിധേയനായ ആളും സ്‌പെഷല്‍ ആയതിനാല്‍ സാധാരണ രീതിയില്‍ കൈകാര്യം ചെയ്യാനാകില്ല. അതിനാല്‍ ശിക്ഷയ്‌ക്കെതിരായ തച്ചങ്കരിയുടെ ഹര്‍ജിയില്‍ രേഖാമൂലം എതിര്‍പ്പ് അറിയിക്കാന്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച്, സര്‍ക്കാരിന് രേഖാമൂലം എതിര്‍പ്പ് അറിയിക്കാനായി രണ്ടു ദിവസത്തെ സാവകാശം അനുവദിച്ചത്.തെറ്റായ കണ്ടെത്തലാണ് വിചാരണ കോടതി നടത്തിയതെന്ന് ടോമിന്‍ തച്ചങ്കരിയുടെ അഭിഭാഷകന്‍ വാദിച്ചു. നാലു വര്‍ഷത്തെ ശിക്ഷ മാത്രമാണ് കോടതി വിധിച്ചത്. ഈ ശിക്ഷ മരവിപ്പിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. തച്ചങ്കരിയുടെ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അനദികൃത സ്വത്തു സമ്പാദനക്കേസില്‍ കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ തച്ചങ്കരിക്ക് നാലു വര്‍ഷം തടവും 31 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തച്ചങ്കരി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണുള്ളത്.