കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കണ്ണൂർ സ്വദേശിയായ 21-കാരൻ മരിച്ചു
കോവൂർ – വെള്ളിമാടുകുന്ന് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സൗത്ത് കല്യാശ്ശേരി സ്വദേശി സംജാദ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ഇരിങ്ങടൻ പള്ളിക്കും വെള്ളിമാടുകുന്നിനും ഇടയിലുള്ള ജനകീയ റോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
റോഡ് സൈഡിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും അമിത വേഗതയിലെത്തിയ മറ്റൊരു ബൈക്ക് അതിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രദേശത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സംജാദ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അപകടത്തിൽപ്പെട്ട റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കിലുണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ ചേവായൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
