Latestകേരളം

പ്രിയദര്‍ശിനിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര വരുമാനത്തിന്റെ അടിസ്ഥാനത്തില്‍; വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന വ്യാപക പ്രചാരണത്തില്‍ ഗതാഗത മന്ത്രി സി പി ജോണിന്റെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പി സാജുവാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്. പ്രിയദര്‍ശിനി പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കും എന്നതരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രത്യേക പ്രിയദര്‍ശിനി കാര്‍ഡ് ഇറക്കുമെന്നാണ് വാട്ട്‌സപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിലൂടെ പ്രചരിച്ചത്. പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം ഗതാഗതമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറിയിട്ടുണ്ട്. ചില അക്കൗണ്ടുകളില്‍ ഇത്തരം പോസ്റ്റുകളോടൊപ്പം അഭിപ്രായ സര്‍വേകള്‍ നടക്കുന്നുണ്ടെന്നും യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കുമെതിരെ അശ്ലീല കമന്റുകളും വരുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.