യുപിയിൽ പശുവിനെ കെട്ടുന്ന മരകഷണം കൊണ്ട് പിതാവ് മർദിച്ച 17കാരിക്ക് ദാരുണാന്ത്യം
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയില്‍ കുടുംബവഴക്കില്‍ ഇടപെട്ട 17കാരിയ്ക്ക് ദാരുണാന്ത്യം. പശുവിനെയും മറ്റ് മൃഗങ്ങളെയും കെട്ടിയിടാന്‍ ഉപയോഗിക്കുന്ന മരകഷ്ണം കൊണ്ട് പിതാവ് അടിച്ചതാണ് മരണകാരണം. ചാണക വറട്ടി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവ് രാജേഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജേഷും സഹോദര ഭാര്യയും തമ്മില്‍ ചാണക വറട്ടിയുടെ പേരില്‍ തര്‍ക്കമായി. വാക്കുതര്‍ക്കം നിമിഷങ്ങള്‍ക്കുള്ള ശാരീരി ഉപദ്രവത്തിലേക്ക് കടന്നു. സാഹചര്യം നിയന്ത്രണം വിട്ടുപോകുന്നുവെന്ന മനസിലാക്കിയതോടെയാണ് ഇവരുടെ വഴക്ക് അവസാനിപ്പിക്കാനായി 17കാരി ഇടപെട്ടത്. എന്നാല്‍ മകളെ പ്രതി ആദ്യം തള്ളി തറയിലിട്ടു. പിന്നീട് ദേഷ്യത്തില്‍ മരകഷ്ണം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയാണ് ഉണ്ടായത്.
ഗുരുതരമായ പരിക്കേറ്റ കുട്ടിയുടെ തലയില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വാര്‍ന്നു. പെട്ടെന്ന് തന്നെ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ യാത്രാമധ്യേ മരിക്കുകയായിരുന്നു.
