Latestഗൾഫ്

സൗദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജീസാൻ, അസീർ എന്നീ പ്രവിശ്യകളിലാണ് കാലാവസ്ഥാ മാറ്റം കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത്. ആലിപ്പഴ വർഷത്തിനും മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ജീസാൻ, അസീർ മേഖലകളിലെ അൽ-റൈത്ത്, ഹറൂബ്, ഫൈഫ, അബഹ, ഖമീസ് മുശൈത്ത്, അൽ-നമാസ് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. കൂടാതെ അൽ-ബാഹ, മക്ക തുടങ്ങിയ ഇടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. റന്യ, അൽ-ഖുൻഫുദ, നജ്‌റാൻ, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.