സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ ട്വിസ്റ്റ്; പാസ്‌പോര്‍ട്ടിലെ ഫോട്ടോ തൃശൂര്‍ സ്വദേശി ദാമോദര മേനോൻ്റേതെന്ന് ബന്ധുക്കള്‍
തൃശൂർ: കേരളത്തെ പതിറ്റാണ്ടുകളായി കുഴക്കുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ ട്വിസ്റ്റ്. സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ഫോട്ടോ തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കുടുംബത്തിന്റെ സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരന്മാരായ കരുണാകരനും സുരേന്ദ്ര മേനോനുമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
പാസ്‌പോർട്ടിൽ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും വർഷങ്ങളായി മലേഷ്യയിൽ പ്രവാസിയായ തന്റെ സഹോദരന്റേതാണെന്നും സുരേന്ദ്ര മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് ജോലിക്കായി പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. അവിടെ പൗരത്വമുള്ളയാളാണ് ദാമോദര മേനോൻ.
