Latestകണ്ണൂര്‍

പരിയാരത്ത് വീട് കുത്തിത്തുറന്ന് ഏഴ് പവനും 36,000വും കവർന്നു

പരിയാരം : നബിദിനാഘോഷത്തിനായി വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളും ₹36,000 രൂപയും കവർന്നു. പരിയാരം ചുടലയിൽ താമസിക്കുന്ന മാടാളൻ ഷഫീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്നലെ രാത്രി വീട് പൂട്ടി കുടുംബം സമീപത്തെ ജുമാ മസ്ജിദിൽ നബിദിനാഘോഷത്തിന് പോയിരുന്നു. പുലർച്ചെ 1.30ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.

അടുക്കള ഭാഗത്ത് എക്സോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതിനായി ചുമർ തുറന്ന ഭാഗത്ത് ഘടിപ്പിച്ചിരുന്ന ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണാഭരണങ്ങളും ₹36,000 രൂപയും നഷ്ടപ്പെട്ടു.

വിവരം ലഭിച്ചതിനെ തുടർന്ന് പരിയാരം എസ്.ഐ. പി. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.