Latestകേരളം

ഇരിട്ടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

ഇരിട്ടി : ഇരിട്ടി പഴയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കോളിക്കടവ് സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച വൈകിട്ട് 6.30ഓടെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്.

പുഴയിൽ വെള്ളം കുറവായിരുന്നതിനാൽ വീണതിന് പിന്നാലെ യുവാവ് ഏകദേശം 300 മീറ്ററോളം നീന്തി പുഴയിലെ കരിങ്കൽ പാറയിൽ പിടിച്ചുനിൽക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.

അഗ്നിരക്ഷാസേനാംഗങ്ങളായ ഷിജോ, അഞ്ജിത്ത്, സൂരജ്, ഷാനിഫ്, അനീഷ് മാത്യു എന്നിവർ ചേർന്ന് യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ച് പൊലീസിന് കൈമാറി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു.