കൂടത്തായി കേസിനാസ്പദമായ ‘അണലി’ വെബ് സീരീസിന്റെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്‍മിച്ചതെന്ന് ആരോപിക്കുന്ന അണലി വെബ്‌സീരിസിന്റെ റീലിസ് കോടതി വിലക്കി. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും താമരശേരി സ്റ്റേഷനിലും ജോളിയെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ വിചാരണ പൂര്‍ത്തിയാകുംവരെയാണ് വിലക്ക്.സീരിസ് പുറത്തുവന്നാല്‍ അത് കൂടത്തായി കേസിന്റെ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജോളി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് എറണാകുളം അഡീഷണല്‍ മുന്‍സീഫ് കോടതിയുടെ ഉത്തരവ്. വെബ്‌സീരിസിന് ഹര്‍ജിക്കാരിയുമായി ബന്ധമുണ്ടെന്നതിന് മതിയായ വസ്തുതകള്‍ നിരത്തിയെന്ന് പ്രഥമദൃഷ്ട്യാ വക്തമാണെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഹര്‍ജിക്കാരിക്കുണ്ട്. മുഖ്യകഥാപാത്രമായി ഹര്‍ജിക്കാരിയെ തിരിച്ചറിയുകയും യഥാര്‍ഥ കുറ്റവാളിയായി ചിത്രീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് സീരിസ് റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ അന്തസ്സിനും സല്‍കീര്‍ത്തിക്കുമുണ്ടാകുന്ന ഹാനി പിന്നീട് നഷ്ടപരിഹാരം നല്‍കി നികത്താനാകില്ലെന്നും കോടതി വിലയിരുത്തി.
വിചാരണ തീരും മുന്‍പേ തന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് സ്വകാര്യത, അന്തസ്സ്, നീതിയുക്തമായ വിചാരണ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്ന് ജോളി ചൂണ്ടിക്കാട്ടിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത നിഖില വിമലും ലിയോ ലിഷ്‌ണോയിയും മുഖ്യവേഷത്തിലെത്തുന്ന വെബ്‌സീരിസിന് നേരത്തെ മുന്‍സീഫ് കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു.പരമ്പരയുടെ നിര്‍മാതാക്കളായ ജിയോ ഹോട്‌സ്റ്റാര്‍ ഇന്ത്യ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സംപ്രേഷണം വൈകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നായിരുന്നു വാദം. തുടര്‍ന്ന് ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതി മുന്‍സീഫ് കോടതിക്ക് നിര്‍ദേശം നല്‍കി. മുന്‍പ് കോടതി നല്‍കിയ ഇടക്കാല സ്‌റ്റേ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംപ്രേഷണ അവകാശമുള്ള ഒടിടി പ്ലാറ്റ്‌ഫോം നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
