Latestകേരളം

ഇലക്‌ട്രിക് ഓട്ടോ വാങ്ങിയവര്‍ക്ക് 30,000 രൂപ സബ്‌സിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകള്‍ക്ക് നല്‍കുന്ന 30,000 രൂപയുടെ സാമ്പത്തിക സബ്‌സിഡിക്കായി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) അപേക്ഷ ക്ഷണിച്ചു.സർക്കാറിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന നയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുമ്പ് ഈ പദ്ധതി പ്രകാരം സബ്‌സിഡി ആനുകൂല്യം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. അർഹരായ വാഹന ഉടമകള്‍ക്ക് എൻഐസിയുടെ ഔദ്യോഗിക ഇ-ഇവി പോർട്ടല്‍ വഴി ഓണ്‍ലൈനായി നേരിട്ട് അപേക്ഷ സമർപ്പിക്കാം.യോഗ്യത നേടുന്ന ഓരോ ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷക്കും 30,000 രൂപ വീതമാണ് സബ്‌സിഡി ഇനത്തില്‍ ലഭിക്കും. ഓരോ വർഷവും മുൻഗണനാ ക്രമത്തില്‍ അപേക്ഷിക്കുന്ന ആദ്യത്തെ 1,000 അർഹരായ അപേക്ഷകർക്കാണ് സബ്‌സിഡി അനുവദിക്കുന്നത്. 2019 ഏപ്രില്‍ 1-നോ അതിനു ശേഷമോ രജിസ്റ്റർ ചെയ്തതും ഇതുവരെ പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കാത്തതുമായ ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷ ഉടമകളക്ക് അപേക്ഷിക്കാം.

ഒരാളുടെ പേരിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്‌സിഡി ആനുകൂല്യം ലഭിക്കുകയുള്ളൂ. പദ്ധതിയില്‍ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അപേക്ഷകളില്‍ പ്രത്യേക സംവരണവും സർക്കാർ നീക്കിവെച്ചിട്ടുണ്ട്. നിർദ്ദിഷ്ട സമയപരിധിക്കുള്ളില്‍ വനിതാ അപേക്ഷകരുടെ കുറവുണ്ടായാല്‍ മാത്രമാണ് ഈ ഒഴിവുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുക.അപേക്ഷകർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഇ-മൊബിലിറ്റി പോർട്ടല്‍ വഴിയോ നേരിട്ടോ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷ സമർപ്പിക്കുന്നതിനായി Kerala EV Portal സന്ദർശിക്കുക. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ (Registration Number), ഷാസി നമ്പർ (Chassis Number), ഉടമയുടെ പേര്, വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കൂടെ ആർ.സി ബുക്ക് (RC), ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡ് തുടങ്ങിയ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകള്‍ അപ്‌ലോഡ് ചെയ്യുകയും വേണം. രേഖകള്‍ പരിശോധിച്ച ശേഷം അപേക്ഷ അന്തിമമായി സമർപ്പിക്കുക (Submit). അപേക്ഷ പരിശോധിച്ച്‌ അംഗീകാരം ലഭിക്കുന്ന മുറക്ക് സബ്‌സിഡി തുക ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.