Latestകേരളം

അമിതവേഗത്തിലെത്തിയ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി, പരുക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു, നാലുപേര്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയില്‍ അജയന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത്. 1

9വയസ്സായിരുന്നു. അപകടത്തില്‍ അഞ്ജലിയുള്‍പ്പെടെ 5 സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്നു അഞ്ജലി. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്.

ചന്തക്കവലയ്ക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു അപകടം. നാഗമ്പടം സ്റ്റാന്‍ഡില്‍നിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസിനടിയില്‍ കുടുങ്ങിയവരെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നു പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ബസ് കാത്തുനിന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കുമാണു പരിക്കേറ്റത്. ചാറ്റല്‍മഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലര്‍ കയറി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.