കുറ്റൂർ പാലത്തിൽ അറുപത് വയസുകാരി മദ്യലഹരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ അറുപത് വയസുകാരി മദ്യലഹരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി മദ്യപിച്ചെത്തിയ ഇവർ പാലത്തിന്റെ കൈവരി മറികടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമത്തിൽ പരാജയപ്പെട്ട് വീണ്ടും ചാടാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാർ ഇവരെ തടഞ്ഞ്, പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ സതീഷും രണ്ട് വനിതാ സഹപ്രവർത്തകരും ചേർന്നാണ് അറുപതുകാരിയെ പിന്തിരിപ്പിച്ചത്. തുടർന്ന് ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും, തന്നെ ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുപോകരുതെന്ന് ഇവർ വാശിപിടിച്ചു.
ഭർത്താവ് മരിച്ച തനിക്കൊരു പ്രണയമുണ്ടെന്നും, മക്കൾ തന്നോട് അവഗണന കാണിക്കുന്നതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
