നാട്ടികയിലെ ടോള്‍ പിരിവ്: പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി
തൃശൂര്‍: നാട്ടികയിലെ ടോള്‍ പിരിവ് പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍. അതിനായി തൃശൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് കെ രാജന്‍ എംഎല്‍എയാണ് വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. നാട്ടികയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കടക്കം പോലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ കാര്യം കെ രാജന്‍ സഭയില്‍ പറഞ്ഞു
ടോള്‍ പ്ലാസയിലേക്ക് എല്‍ഡിഎഫും യുഡിഎഫും നടത്തിയ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം ഉണ്ടായി. ഇന്നലെ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗവും തീരുമാനമാകാതെ പിരിഞ്ഞതോടയാണ് ടോള്‍ പ്ലാസയിലേക്ക് വന്‍ പ്രതിഷേധം ഉണ്ടായത്. രാവിലെ ആദ്യം പ്രതിഷേധ മാര്‍ച്ചുമായി എത്തിയത് എല്‍ഡിഎഫാണ്. ഉദ്ഘാടനത്തിനുശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയെ വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിസാറിന് തലയ്ക്ക് പരുക്കേറ്റു.
