Latestകേരളം

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: വാഹനങ്ങളുടെ അമിതവേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 19കാരന്‍ ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. നിരത്തിലെ അച്ചടക്കത്തിലും റോഡ് സുരക്ഷയിലുമാണ് ഡിവിഷന്‍ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. അമിത വേഗത കണ്ടെത്താന്‍ വിദഗ്ധ ടീമിനെ നിയോഗിച്ച് സംവിധാനം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വേഗത ഡ്രൈവര്‍മാര്‍ക്ക് ഒരു പ്രേത്സാഹനമാകരുതെന്നും കോടതി ഓര്‍മിപ്പിച്ചു. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താന്‍ നിലവിലെ ട്രാഫിക്ക് ക്യാമറകള്‍ക്ക് കഴിയുമോയെന്ന് സംസ്ഥാന ഗതാഗത വകുപ്പിനോട് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. അമിതവേഗതയില്‍ ഉടനടി നടപടി സ്വീകരിക്കാനാകുമോയെന്നും ഗതാഗതവകുപ്പിനോട് കോടതി ചോദിച്ചിട്ടുണ്ട്. നിരവധി തവണ ഇക്കാര്യത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.