തൃശൂർ കാറളത്തെ വയോധികയുടെ കൊലപാതകം; അയൽവാസി കസ്റ്റഡിയിൽ
തൃശൂർ: തൃശൂർ കാറളത്ത് 79കാരിയെ കൊന്ന കേസില് പ്രതി കസ്റ്റഡിയിൽ. അയൽവാസിയായ റാഫിയാണ് കൊലയാളി. കാറളം സ്വദേശിനിയായ സാവിത്രിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരുടെ തന്നെ വാടകവീട്ടിൽ താമസിച്ചിരുന്ന ആളാണ് പ്രതിയായ റാഫി. പ്രവാസി മലയാളിയാണ് റാഫി എന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു മോഷണം.
സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പുക്കൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പതിനാറ് പവൻ്റെ ആഭരണങ്ങളാണ് പ്രതി കവർന്നത്. തൃശ്ശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കാറളം മൃഗാശുപത്രിയോട് ചേർന്നുള്ള വീട്ടിൽ 79 കാരി സാവിത്രി മാത്രമുണ്ടായിരുന്ന സമയത്തായിരുന്നു കൊലപാതകം. സാവിത്രിയുടെ ഭർത്താവ് വിജയനയുമായി മകനും മരുമകളും ആശുപത്രിയിൽ പോയിരുന്നു. സ്കൂൾ വിട്ടു വന്ന ചെറുമകളാണ് മൃതദേഹം ആദ്യം കണ്ടത്. സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പുകൊണ്ട് തന്നെ കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ശരീരത്തിലാകെ ബലപ്രയോഗത്തിന്റെ പാടുകളുമുണ്ട്. അഞ്ച് വളകളും അഞ്ച് പവന്റെ മാലയും സ്വർണമോതിരവും ഉൾപ്പെടെ ആകെ 16 പവന്റെ സ്വർണാഭരണവുമാണ് പ്രതി കവര്ന്നത്. വീട്ടിലാകെ മുളകുപൊടി വിതറിയ നിലയിലായിരുന്നു.
