പാൽ കുടുങ്ങി അല്ല, ആലപ്പുഴയിൽ 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരന്റെ മരണം പോഷകാഹാര കുറവ് കാരണമെന്നു കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്. കുഞ്ഞിനു മതിയായ തൂക്കമുണ്ടായിരുന്നില്ല. 12 കിലോ വേണ്ടിടത്ത് കുഞ്ഞിന് 7 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തി. രക്തക്കുറവ് ഉണ്ടായിരുന്നതായും കുഞ്ഞിനു മതിയായ പരിചരണം കിട്ടിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോസ്റ്റുമോർട്ടം നടത്തിയത്. കാര്‍ത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് – താര ദമ്പതികളുടെ രണ്ട് വയസുള്ള മകന്‍ രാഹുലാണ് മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറഞ്ഞത്.
