അതിവേഗതയിലെത്തിയ കാർ ഇടിച്ചുകയറി; പഞ്ചാബില്‍ 8 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ചണ്ഡിഗഡ്: പഞ്ചാബിലെ സംഗ്രൂരില്‍ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മരിച്ചതില്‍ ആറ് പേര് സ്ത്രീകളാണ്. 13 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സ്വന്തം ജില്ലയില്‍ ഉള്‍പ്പെടുന്ന അലിഷര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് ജോലിയുടെ ഇടവേളയില്‍ റോഡരികില്‍ ഇരുന്ന് വെള്ളം കുടിക്കുന്നതിനിടെയാണ് ജാഖല്‍ ഭാഗത്തുനിന്ന് എത്തിയ കാര്‍ തൊഴിലാളികളുടെ ദേഹത്ത് ഇടിച്ചുകയറിയത്. അഞ്ച് തൊഴിലാളികള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത്. പട്യാല സ്വദേശിയായ പര്‍ഗത് സിങ്ങിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഷെവര്‍ലെ ഒപ്ട്രാ മാഗ്നം കാറാണ് അപകടം ഉണ്ടാക്കിയതെന്നാണ് വിവരം. ആദ്യം ഒരു മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയും തുടര്‍ന്ന് തൊഴിലാളികള്‍ നില്ക്കുന്ന ഭാഗത്തേക്ക് പാഞ്ഞുകയറുകയുമായിരുന്നു. കര്മ്ജീത് കൗര്‍, നിക്കി, സര്‍ബ്ജീത് കൗര്‍, രഞ്ജീത് കൗര്‍, കര്മ്ജീത്, റാണി കൗര്‍, ജിവന് സിങ്, ദേസ് രാജ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ച് വരികയാണ്.
