സർക്കാരിന്റെ പുതിയ മദ്യനയം നവംബറോടെ
ആലപ്പുഴ: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. പുതിയ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വിവിധ മേഖലകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ സർക്കാർ ക്രോഡീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നയരൂപീകരണത്തിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നാല് മുതൽ അഞ്ച് ദിവസം വരെ നീണ്ട വിപുലമായ കൂടിയാലോചനകളാണ് നടന്നത്. മദ്യവിരുദ്ധ സമിതികൾ, ലഹരിവിരുദ്ധ സംഘടനകൾ, മദ്യവ്യവസായ മേഖലയിലെ തൊഴിലാളി യൂണിയനുകൾ, പൊതുസമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികൾ എന്നിവരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇവരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിലും യുഡിഎഫിലും ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നയത്തിന് രൂപം നൽകുക. നവംബർ പകുതിയോടെയോ മാസാവസാനത്തോടെയോ പുതിയ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
