Latestകേരളം

മദ്യപാനത്തിനിടെ തർക്കം; യുവാവ് വെട്ടേറ്റ് മരിച്ചു

പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ യുവാവ് മരിച്ചു. മേനോൻപാറ പരിശിക്കൽ എരിമിക്കാര വീട്ടിൽ ജോസഫ് മനോഹറിന്റെ മകൻ ജയിംസ് രാജകുമാരൻ (38) ആണ് മരിച്ചത്. അക്രമത്തിൽ വെട്ടേറ്റ ബന്ധു പ്രവീൺ ചികിത്സയിലാണ്.

വലിയ കള്ളിയമ്പാറയിലുള്ള പ്രവീണിന്റെ വീട്ടിൽ വെച്ചാണ് സംഭവം. മദ്യപാനത്തിനിടെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ ഉണ്ടായ വഴക്കിന് ശേഷം രാത്രി 10.30 ഓടെ പ്രവീണിന്റെ വീട്ടിലേക്ക് ബൈക്കിലെത്തിയ ജയിംസ് രാജകുമാരൻ വടിവാൾ ഉപയോഗിച്ച് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്ന മുളകുപൊടി കലർന്ന വെള്ളം പ്രവീണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തു.

ഇതോടെ ബന്ധുക്കളും പരിസരവാസികളും ചേർന്ന് ജെയിംസ് രാജകുമാരനെ നേരിട്ടു. ഇയാൾക്ക് കനത്ത മർദ്ദനമേൽക്കുകയും ചെയ്തു. പ്രവീണിന്റെ കൈവശവും കൊടുവാൾ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടയാണ് ജയിംസ് രാജകുമാരൻ മരിച്ചത്. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൊലപാതകത്തിന് കേസെടുത്തു.