മീനങ്ങാടി സ്കൂള്‍ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ബാറില്‍ കയറി; ദൃശ്യങ്ങള്‍ പുറത്ത്
കല്പറ്റ മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ബാറില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ഹൈദരാബാദ് നമ്പള്ളിയിലെ ബാറിലേക്ക് ഇവർ കയറുന്ന ദൃശ്യങ്ങളാണ് മീനങ്ങാടി യു.ഡി.എഫ്. നേതൃത്വം പുറത്തുവിട്ടത്. സംഭവത്തില്‍ യു.ഡി.എഫ് ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.ബാറില്‍ പണം നല്‍കിയതിന്റെ ബില്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 26, 27 തീയതികളില്‍ മദ്യം വാങ്ങിയതിന് കൃത്യമായ തെളിവുണ്ടെന്നും, വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെയാണെന്നും യു.ഡി.എഫ് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഈ വീഴ്ച മാപ്പർഹിക്കാത്ത തെറ്റാണെന്നും അധ്യാപകന്റെ മറുപടി ന്യായീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം, ഇതിനിടെ സ്കൂളില്‍ കുട്ടികള്‍ അതിക്രൂരമായ വിചാരണയ്ക്ക് വിധേയരായെന്നും ആരോപണമുണ്ട്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും, കുട്ടികളെ അധ്യാപകൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അവർ മൊഴി മാറ്റിയതെന്നും യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികളുടെ സമരത്തിന് പിന്നില്‍ മൂന്ന് അധ്യാപകർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
