Latestദേശീയം

നടൻ നാനാ പടേക്കര്‍ അന്തരിച്ചു

നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഗോവയിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിയ ഉടൻ ഡോക്ടർമാർ 45 മിനിറ്റിലധികം തുടർച്ചയായി സിപിആർ നല്‍കിയെങ്കിലും പ്രതികരിച്ചില്ലെന്നും പുലർച്ചെ 5:20-ഓടെ മരണം സ്ഥിരീകരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. പൂനയിലായിരുന്ന മകൻ മല്‍ഹാർ പടേക്കർ ഗോവയിലേക്ക് തിരിച്ചു.

1978-ല്‍ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2000-ങ്ങളുടെ തുടക്കത്തില്‍ ശക്തി: ദി പവർ (2002), അപഹരണ്‍ (2005), ടാക്സി നമ്പർ 9211 (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു. പൊളിറ്റിക്കല്‍ ത്രില്ലറായ രാജ്നീത് (2010) എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ നാമനിർദേശവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 2013-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

മഹാരാഷ്ട്രയിലെ കർഷകരുടെ ആത്മഹത്യയും വൻ വരള്‍ച്ചയും കണ്ടാണ് അദ്ദേഹം 2015-ല്‍ നാം ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കർഷക കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം എത്തിച്ചു. 1999 ല്‍ നടന്ന കാർഗില്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.