Latestകേരളം

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

കൊച്ചി: തിരുവനന്തപുരത്ത് വെച്ച് ബിജെപി പ്രവർത്തകർ തന്റെ ഔദ്യോഗിക വാഹനം തടഞ്ഞതിലും റോഡിലൂടെ നടന്നുപോകേണ്ടി വന്നതിലും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. മുൻകൂട്ടി നിശ്ചയിച്ച സമയത്തേക്കാൾ അരമണിക്കൂർ നേരത്തെ താൻ പെട്ടെന്ന് ഓഫീസിൽ നിന്ന് ഇറങ്ങിയതാണ് സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമായിരുന്നു തലസ്ഥാനത്തെ വാൻറോസ് ജംഗ്ഷനിൽ വെച്ച് ബിജെപി പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്. വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ മന്ത്രി കാറിൽ നിന്നിറങ്ങി അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിച്ചു.