Latestദേശീയം

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം;എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളുടെയും യുവജന-വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം. പൊലീസ് വിലക്ക് മറികടന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയാണുണ്ടായത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി, ജെയ്ക് സി. തോമസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി.

ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി മർലീനയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനകളും പ്രവർത്തകരും ജന്തർ മന്തറിലേക്ക് മുദ്രാവാക്യം വിളികളുമായി ഇരച്ചെത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത എഎപി നേതാക്കളായ സൗരവ് ഭരദ്വാജ്, സഞ്ജീവ് ത്സാ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.