മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടന്നത് ഗുരുതരമായ അഴിമതിയാണ്. ക്രമക്കേട് നടത്തിയെങ്കില്‍ അത് അന്വേഷിക്കേണ്ടേയെന്ന് ചോദിച്ച കോടതി പിഎസ്‌സി അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹര്‍ജി നല്‍കാന്‍ പിഎസ്‌സിക്ക് എന്തധികാരമെന്നും കോടതി ചോദിച്ചു.
പിഎസ്‌സി ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിനാല്‍ ക്രൈബ്രാഞ്ച് അന്വേഷണം തടയണമെന്നായിരുന്നു പിഎസ്‌സിയുടെ വാദം. ഇങ്ങനെ ഒരുഹര്‍ജി നല്‍കാന്‍ പിഎസ്‌സിക്ക് എന്തധികാരമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ ചോദിച്ചു. 58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തത് ഗുരുതരമാണ്. ഇത് പ്രഥമദൃഷ്ട്യാ അഴിമതിയാണെന്ന് കോടതി നിരീക്ഷിച്ചു.
മൂല്യനിര്‍ണയത്തിലെ വീഴ്ച ക്ലറിക്കല്‍ പിഴവാണെന്നായിരുന്നു പിഎസ്‌സിയുടെ വാദം. എന്നാല്‍, ഇത് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുവാദം ഉന്നയിച്ചു. പരീക്ഷയിലെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നത് ക്ലറിക്കല്‍ പിഴവാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
