Latestകണ്ണൂര്‍കേരളം

കണ്ണൂരില്‍ വീണ്ടും ആക്രമണം;യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം അടിച്ച് തകര്‍ത്തു

കണ്ണൂര്‍: സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും ആക്രമണം. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവസ്ഥലം ഡിവൈഎസ്പി ഉള്‍പ്പെടെ സന്ദര്‍ശിച്ചു. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍മാന്‍ ഇ വി രാമകൃഷ്ണനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ തടയില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്