അതിശക്തമായ മഴയ്ക്ക് സാധ്യത : കണ്ണൂർ ജില്ലയിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാലാണ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചത്
.
മെയ് 15 ന് യെല്ലോ അലെർട്ടും മെയ് 16 ന് ജില്ലയിൽ ഓറഞ്ച് അലെർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.
ശക്തമായ മഴയുണ്ടാവുന്ന സാഹചര്യത്തിൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകുവാനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കർശനമായി നടപ്പിലാക്കണം.
ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തിൽ മാറ്റി താമസിപ്പിക്കണം. ഇതിനായി മുൻകൂട്ടി ക്യാമ്പുകൾ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കുവാനും നിർദേശം നൽകി.
ആഴക്കടലിൽ മൽസ്യബന്ധനത്തിനായി പോയിരിക്കുന്ന മൽസ്യത്തൊഴിലാളികളിലേക്ക് മുന്നറിയിപ്പുകൾ എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാറ്റിൽ തകർന്ന് വീഴാൻ സാധ്യതയുള്ള പോസ്റ്റുകൾ, ഹോർഡിങ്ങുകൾ, മരങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുകയും അപകട സാധ്യത പരമാവധി ലഘൂകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണം.
താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.