അഴീക്കല്‍ പോര്‍ട്ടില്‍ കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസ് ഉടന്‍: കെ വി സുമേഷ് എംഎല്‍എ
കസ്റ്റംസ് കമ്മീഷണര്‍ തുറമുഖം സന്ദര്‍ശിച്ചു
അഴീക്കല്‍ തുറമുഖത്ത് നിന്നുള്ള അന്താരാഷ്ട്ര ചരക്കു നീക്കം കൂടുതല്‍ സുഗമമാക്കുന്നതിനാവശ്യമായ കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസ് ഉടന്‍ സ്ഥാപിക്കുമെന്ന് കെ വി സുമേഷ് എംഎല്‍എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി തുറഖത്തെത്തിയ കസ്റ്റംസ് കമ്മീഷണര്‍ രാജേന്ദ്ര കുമാറിന്റെ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റംസ് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അഴീക്കലില്‍ ഒരുക്കും.
തുറമുഖ വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇതിനുള്ള ഓഫീസും മറ്റ് സംവിധാനങ്ങളും ഏര്പ്പെടുത്തുന്നതിലുണ്ടായിരുന്ന തടസ്സം നീങ്ങിയതായും എംഎല്‍എ അറിയിച്ചു.
കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനം വരുന്നതോടെ തുറമുഖത്തിന്റെ വളര്‍ച്ചയില്‍ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങും. തുറമുഖം വഴി വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള ചരക്കുനീക്കം വടക്കന്‍ കേരളത്തിന്റെയും കുടക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെയും വ്യാപാര വളര്‍ച്ചയില്‍ വഴിത്തിരിവാകുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
അഴീക്കലില്‍ കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി സന്ദര്‍ശനത്തിന് ശേഷം കസ്റ്റംസ് കമ്മീഷണര്‍ രാജേന്ദ്ര കുമാര്‍ അറിയിച്ചു. അതിനുള്ള ഇലക്ട്രോണിക് ഡേറ്റ ഇന്റര്‍ചേഞ്ച് (ഇഡിഐ) സംവിധാനങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന മുറയ്ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ഓഫീസ് അഴീക്കലില്‍ സ്ഥാപിക്കാനാവും. അതുവരെ നിലവിലുള്ള താല്‍ക്കാലിക സംവിധാനം തുടരാന്‍ അനുവാദം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
അന്താരാഷ്ട്ര ചരക്കു നീക്കം ശക്തിപ്പെടുത്തുന്നതിലൂടെ പോര്‍ട്ടിന്റെ വരുമാനം വര്‍ധിപ്പിക്കാനാവും. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള കൂടുതല്‍ കണ്ടെയിനറുകളെ തുറമുഖത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണം. വിദേശചരക്കു നീക്കം ശക്തിപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് കരുത്തുപകരും. ഇക്കാര്യത്തില്‍ എല്ലാ സഹായങ്ങളും നല്കാന് ക്സറ്റംസ് വിഭാഗം ഒരുക്കമാണ്. തുറമുഖങ്ങളിലെ വ്യാപാര സംബന്ധിയായ കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന് രണ്ട് ജോയിന്റ് കമ്മീഷണര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ സഹായം എപ്പോള്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് ജോ കമ്മീഷണര്‍ മനീഷ് വിജയ്, അസി. കമ്മീഷണര്‍ ഇ വികാസ്, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് കെ ജി നായര്‍ തുടങ്ങിയവരും സന്ദര്‍ശന വേളയില്‍ ഒപ്പമുണ്ടായിരുന്നു.