ആര്‍ദ്രം മിഷന്: മൂന്നാംഘട്ടത്തില്‍ 21 കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ വരും: മന്ത്രി വീണ ജോര്‍ജ്
ആര്‍ദ്രം മിഷന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലയില്‍ ഇതുവരെ 35 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ 11ഉം രണ്ടാംഘട്ടത്തില്‍ ഇതുവരെ 24ഉം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നാംഘട്ടത്തില്‍ 21 കേന്ദ്രങ്ങള്‍ കൂടി വന്നാല്‍ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 82 ആയി ഉയരുമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
2018ലെ പ്രളയത്തില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പകരമാണ് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് അനുവദിച്ച 2.32 കോടി രൂപ ഉപയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രം നിര്‍മിച്ചത്.
വള്ളിത്തോട് ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നര ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ഷാരോണ്‍ ചര്‍ച്ചിന്റെ പഴയ കെട്ടിടത്തിലായിരുന്നു താല്‍ക്കാലികമായി ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു സ്ഥിരം ഡോക്ടര്‍മാരുടെയും ഒരു പഞ്ചായത്ത്ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.
അത്യാഹിത വിഭാഗം, ഗര്‍ഭകാല പരിശോധന, വയോജന ക്ലിനിക്ക്, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടല്‍ കേന്ദ്രം, മൂന്നു ഒ പി കൗണ്ടറുകള്‍, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയവക്ക് പ്രത്യേക സൗകര്യമുണ്ടാകും. വിശാലമായ കോണ്‍ഫറന്‍സ് ഹാളുമുണ്ട്. കിടത്തി ചികിത്സയില്ലെങ്കിലും അടിന്തരഘട്ടത്തില്‍ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാന്‍ സാധിക്കും.
പരിപാടിയില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.വി പി രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ പി ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യനും ലാബ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധനും ഇമ്യൂണൈസേഷന് ബ്ലോക്ക് പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വിനോദ് കുമാറും മീറ്റിങ് ഹാള്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകനും ഉദ്ഘാടനം ചെയ്തു. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജേക്കബ് ജോര്‍ജിനെ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രന് ആദരിച്ചു. പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി പ്രമീള, പി എന്‍ ജെസി, മുജീബ് കുഞ്ഞിക്കണ്ടി, പഞ്ചായത്ത് അംഗം മിനി പ്രസാദ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ സി ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്മിത രജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെബിന് അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.