കൊവിഡിനൊപ്പം ജീവിതം: വെബിനാർ നടത്തി
കേന്ദ്ര ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ, പയ്യന്നൂർ സംയോജിത ശിശു വികസന പദ്ധതിയുമായി ചേർന്ന് അങ്കൻവാടി പ്രവർത്തകർക്കായി വെബിനാർ സംഘടിപ്പിച്ചു.
ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായി പാലിച്ച് കൊവിഡ് കാലത്ത് എപ്രകാരം സാധാരണ ജീവിതം സാധ്യമാക്കാം എന്ന വിഷയത്തിലായിരുന്നു വെബിനാർ . കരിവെള്ളൂർ പേരളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.രാഘവൻ ഉദ്ഘാടനം ചെയ്തു.
കോവിഡാനന്തരം സമൂഹത്തിന്റെ എല്ലാ തുറകളിലും തിരിച്ചുവരവ് നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന് ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തുംവരെ സാമൂഹിക പ്രതിരോധം മാത്രമാണ് പ്രതിവിധി എന്ന് വിഷയാവതരണം നടത്തിയ പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനീഷ് ബാബു ടി. പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ നല്ല മാതൃകകളിൽ നിന്ന് പാഠങ്ങൾ പഠിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻറ് കെ എസ് ബാബു രാജൻ, ഐ സി ഡി എസ് സൂപ്പർവൈസർ ലില്ലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.