ചരിത്രത്തിൽ ഇന്ന് നവംബർ 11
ദേശീയ വിദ്യാഭ്യാസ ദിനം
സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുല്‍ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളോടുള്ള ആദരസൂചകമായാണ് രാജ്യം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.1888 നവംബര്‍ 11-ന് മക്കയില്‍ ജനിച്ച മൗലാനാ അബുള്‍ കലാം വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ കാണുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വ്യക്തിയാണ്
പ്രാഥമിക വിദ്യാഭ്യാസം, സാങ്കേതികത, സാക്ഷരത എന്നിവ ഇന്ത്യയുടെ അടിസ്ഥാന ലക്ഷ്യങ്ങളായി കണ്ട മൗലാനാ ആസാദ് അതിനായി പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ വികസനം പൂര്‍ണമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.മൗലാന അബുള്‍ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് 1953ല്‍ യുജിസി ക്ക് രൂപം നല്‍കിയത്. 1956ല്‍ ഔദ്യോഗികമായി യുജിസി നിലവില്‍ വന്നു. സെക്കണ്ടറി എജ്യുക്കേഷന്‍ കമ്മീഷന് നിയമിച്ചതും, ഓള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍
സ്ഥാപിച്ചതും അദ്ദേഹമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് തലയുയര്‍ത്തി നില്ക്കുന്ന ഐഐടി എന്ന ആശയവും മൗലാനാ ആസാദിന്റെ സംഭാവനയാണ്.
ദേശീയ മന്ത് രോഗ ബോധവല്‍ക്കരണ ദിനം
നവംബര്‍ 11 ഇന്ത്യയില്‍ മന്ത് രോഗ ബോധവല്‍ക്കരണ ദിനമായി ആചരിക്കുന്നു. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യവുമായി മന്ത് രോഗ പ്രതിരോധ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം.ഡി.ഇ.സി ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ മുടങ്ങാതെ അഞ്ച് വര്‍ഷം കഴിച്ചാല്‍ മന്ത് രോഗം വരാനുള്ള സാധ്യത പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയും.
രോഗം വന്നുകഴിഞ്ഞാല്‍ കാലിന്റെ ഭാഗം നീരുവന്ന് വീര്‍ക്കുകയും പിന്നീടൊരിക്കലും പൂര്‍വ്വ സ്ഥിതിയിലേക്ക് പോവാതിരിക്കുകയും ചെയ്യുന്നു. നേരത്തേ പ്രതിരോധ മരുന്നുകള്‍ കഴിച്ചാല്‍ മന്ത് വരാനുള്ള സാധ്യത കുറയ്ക്കാനാവും.