നാളെയും മറ്റന്നാളും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്
ശക്തമായ മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നും നാളെയും (ചൊവ്വ, ബുധന്‍) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയുള്ള മഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. ജൂണ്‍ 17 വരെ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.
ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കുകയും വേണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റോ ഇറങ്ങരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.