പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുക. കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങൾക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാവില്ല. കെ. ബാബു, എ. വിൻസെന്റ് എന്നിവർ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

53 പുതുമുഖങ്ങൾക്ക് പ്രവേശനോത്സവമാകും. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ.നാളെയാണ് സ്പീക്കർ തെര‍ഞ്ഞെടുപ്പ്.

ഇടത് സ്ഥാനാർത്ഥി എംബി രാജേഷ് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കെ പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തുമോ എന്ന് ഇന്നറിയാം. 28-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

കഴിഞ്ഞ സഭയിൽ ആദ്യമായി ഏക അംഗത്തെ ലഭിച്ച ബിജെപിക്ക് ഇത്തവണ വീണ്ടും പ്രാതിനിധ്യമില്ലാതായി.