ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന നടത്തി
മദ്യവിൽപ്പന ശാലകളിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തി. വിലകുറഞ്ഞ മദ്യം ഉണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ബാവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിട്ടതിനാൽ പലയിടത്തും ഔട്ട്ലെറ്റുകൾ ശൂന്യമായിരുന്നു. ജീവനക്കാരും മദ്യപിക്കാനെത്തിയവരും തമ്മിൽ പലയിടത്തും വാക്കേറ്റമുണ്ടായി. സ്പിരിറ്റിൻറെ വിലയിലുണ്ടായ വർദ്ധനവാണ് ക്ഷാമത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ മാനേജ്മെൻറിൻറെ തെറ്റായ നടപടികളാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു. കൂടുതൽ ലാഭം കൊയ്യുന്ന കമ്പനികളുടെ മദ്യം വേഗത്തിൽ വിൽക്കുമെന്ന പ്രഖ്യാപനവും എക്സൈസ് തീരുവ മുൻകൂറായി നൽകണമെന്ന നിർദേശവും കമ്പനികളുടെ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. കമ്പനികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും അവർ പറഞ്ഞു.
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജമദ്യത്തിനെതിരെ എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.