ബാബ്റി മസ്ജിദ് ആക്രമണക്കേസില്‍ വിധി 30ന്
28വര്‍ഷത്തിന് ശേഷമാണ് ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലും അതിന്റെ ഗൂഢാലോചന കേസിലും വിധി പറയാന്‍ പോകുന്നത്.
ലഖ്നൗ: ബാബ്റി മസ്ജിദ് ആക്രമണക്കേസില്‍ സെപ്തംബര്‍ 30ന് ലഖ്നൗവിലെ സിബിഐ കോടതി വിധി പറയും. കേസില്‍ പ്രതികളായ എല്‍കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉമാഭാരതിയും അന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ആഗസ്റ്റ് മാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ഇത് നീണ്ട് പോവുകയായിരുന്നു. സുപ്രീം കോടതി ഒരു മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കി. 28വര്‍ഷത്തിന് ശേഷമാണ് ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലും അതിന്റെ ഗൂഢാലോചന കേസിലും വിധി പറയാന്‍ പോകുന്നത്.
നേരത്തെ റായ്ബറേലി കോടതിയിലും ലഖ്‌നൗ കോടതിയിലുമായിരുന്നു കേസ് ഉണ്ടായിരുന്നത്. പിന്നീട് സുപ്രീം കോടതിയാണ് രണ്ട് കേസും ലഖ്‌നൗവിലെ സിബിഐ കോടതിയിലേക്ക് മാറ്റിയത്. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി. 2001 ല്‍ അലഹബാദ് ഹൈക്കോടതി അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതിയാണ് അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണം എന്ന് പറഞ്ഞത്. അദ്വാനി അടക്കം 32 പ്രതികളാണ് ഉള്ളത്. വിധി പറയുന്ന ദിവസം എല്ലാവരും നേരിട്ട് ഹാജരാവണം. വിചാരണ സമയത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്വാനിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങള്‍ കോടതി കേട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബാബ്‌റി മസസ്ജിദ് ആക്രമണം ചെലുത്തിയ സ്വാധീനം വലുതാണ്. ഇന്ത്യന്‍ രാഷ്ട്രീയം തന്നെ ഇതിന് ശേഷം മാറിമറിഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ട ശേഷമാണ് ലഖ്‌നൗ കോടതി വിധി പറയാന്‍ പോവുന്നതെന്നതും പ്രധാനമാണ്.