മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന് കേരള സര്‍വകലാശാല
തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന് കേരള സര്‍വകലാശാല. മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവര്‍ണര്‍, കേരളാ വിസിയുടെ പരിശോധനക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് ബിരുദം ചട്ടപ്രകാരമാണ് നല്‍കിയിട്ടുള്ളതെന്ന വിശദീകരണം വിസി നല്‍കിയിരിക്കുന്നത്. ബിരുദം ചട്ടപ്രകാരമല്ല നല്‍കിയതെന്ന ആക്ഷേപം പരാതിയില്‍ ഉന്നയിച്ചിരുന്നില്ല.പകരം പ്രബന്ധത്തിലെ തെറ്റുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെ അധികരിച്ചു തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീല്‍ കേരളസര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ബിരുദം 2006ല്‍ സ്വന്തമാക്കിയത്.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്.ഡി. ബിരുദത്തിനെതിരേ ഗവർണർക്ക് പരാതി സമർപ്പിച്ചത്. അടുത്തിടെ മലബാർ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായ വേളയിലാണ് മന്ത്രിയുടെ പ്രബന്ധം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരാവകാശ നിയമപ്രകാരം പ്രബന്ധം പരിശോധിക്കുകയും വിദഗ്ധ സമിതിയെക്കൊണ്ട് പഠിക്കുകയും ചെയ്ത ശേഷമാണ് ഗവർണർക്ക് പരാതി നൽകിയത്.